Thursday, March 20, 2008

സ്കൂള്‍ പുരാണം*

പണ്ടത്തെ
സ്കൂള്‍ രസകരമായിരുന്നു

ഒന്നുമുതല്‍
നാലുവരെ
മറയും മാര്‍ക്കുമില്ലാതെ

ക്ളാസുകളുടെ
ഒന്നാമതിരില്‍ സുലൈമാന്‍ മുന്‍ഷി
രണ്ടാമതിരില്‍ ചന്ദ്രിക ടീച്ചര്‍
മൂന്നാമതിരില്‍
പോറ്റി ടീച്ചര്‍
നലാം അതിരില്‍ അരവിന്ദന്‍ മാഷ്‌
അതിരുകള്‍ക്കുനടുവിലെ
കളങ്ങളില്‍ ഞങ്ങളായിരുന്നു
തുമ്പയും,കോളാമ്പിയും,ചെമ്പരത്തിയും
പുളിയും,നെല്ലിക്കയും,മാങ്ങയും
പച്ചയും,ഉപ്പിലിട്ടതും,അച്ചാറും

ഉപ്പുമാവു പുരയിലെ
പുകയും,വേവും
ഞങ്ങളെക്കടന്ന്‌
ഒരുമണിയുടെ നീണ്ടബെല്ലില്‍
വരാന്തയില്‍ തളര്‍ന്നിരുന്നു

സുലൈമാന്‍ മുന്‍ഷിക്ക്‌
കുട്ടിജനിച്ചതും
ചന്ദ്രിക ടീച്ചറുടെ മകനു
ജോലി ലഭിച്ചതും
പോറ്റിടീച്ചറുടെ ഭര്‍‍ത്താവിനു
അക്കാദമി അവാര്‍ഡ്‌ കൊടുത്തതും
അരവിന്ദന്‍ മാഷ്‌
വീടുവെച്ചതും
അങ്ങിനെ വിശേഷങ്ങളെല്ലാം
അതിരില്ലാ മുറിയില്‍ നിന്നും
ഞങ്ങളുടെ കാതിലെത്തിയിരുന്നു.

നാലുമണിയുടെ നീണ്ട ബെല്ല്
മഴക്കുമുന്‍പേ
ഞങ്ങളെ വീടെത്തിച്ചിരുന്നു.

നാലാമതിരിനുമപ്പുറം
മറയും,ഉറപ്പുമുള്ള
ഒരോഫീസ്‌ മുറി
ആണ്ടിലൊരിക്കല്‍
നാലാം ക്ളാസില്‍
അതിഥിയായെത്തുന്ന
അതിര്‍ത്തികള്‍ കീറിപ്പറിഞ്ഞ ഭൂപടം
ചലന വേഗം നിലച്ച ഗ്ളോബ്‌
പേപ്പറുകളുടെ
പുരാതന മണം നിറഞ്ഞ
ഇവിടെയാണു
കുറുമ്പുകളുടെ
വിചാരണയും,ശാസനയും
സരസ്വതി ടീച്ചറുടെ രൂപത്തില്‍
ഞങ്ങളെ കാത്തിരുന്നത്‌

ഇന്നു അതിരുകള്‍ തീര്‍ത്ത്‌
ജീവിതം ചാടിക്കടക്കുമ്പോള്‍
വീണ്ടുമൊരസംബ്ളിക്കായൊരു
കൂട്ടമണി
കൊതിച്ചുപോകുന്നു.
--------------------------------------------------------------------
* കരിങ്ങോള്‍ച്ചിറ എല്‍.പി.സ്ക്കൂളിലെ എന്റെ പഴയ ദിനങ്ങള്‍)

6 comments:

സുധീർ (Sudheer) said...

അസ്സലായി.
ആ സ്ക്കൂളിന്റെ ഒരു ചിത്രവും കൂടി സംഘടിപ്പിക്ക്!

ജാഫര്‍ പുത്തന്‍ചിറ said...

നന്ദി!
സുധീ,
ബ്ളോഗ്‌ ലോകത്തേക്ക്‌ വഴി തുറന്നതിനും,പ്രോല്‍സാഹനത്തിനും.ഫോട്ടോവിനു ശ്രമിക്കാം

ടിന്റുമോന്‍ said...

നന്നായി ജാഫര്‍. ഇനിയുമെഴുതൂ ...

Unknown said...

ക്ലാസ്സ്... എഴുത്ത് ട്ടൊ!



Subin
http://www.flickr.com/cybershots

Anonymous said...

Kalakki..keep writing and keep the blog alive.

MOHAN PUTHENCHIRA മോഹന്‍ പുത്തന്‍‌ചിറ / THOONEERAM said...

“ഉപ്പുമാവു പുരയിലെ
പുകയും,വേവും
ഞങ്ങളെക്കടന്ന്‌
ഒരുമണിയുടെ നീണ്ടബെല്ലില്‍
വരാന്തയില്‍ തളര്‍ന്നിരുന്നു “
ഈ വരികള്‍ വല്ലാതെ കൊളുത്തിവലിക്കുന്നു.
നന്നായി.
സ്കൂള്‍ തുടങ്ങാനുള്ള കൂട്ടമണി വീണ്ടും കേട്ട അനുഭവം.
സ്നേഹത്തോടെ
മോഹന്‍