Tuesday, March 18, 2008

സ്മരണ - ഇ.കെ ദിവാകരന്‍പോറ്റി.

സാഹിത്യ സാസ്ക്കാരിക മണ്ഡലത്തില്‍ പുത്തന്‍‌ചിറയുടെ സാന്നിധ്യം അറിയിച്ച ശ്രീ ഇ.കെ ദിവാകരന്‍പോറ്റി.പോറ്റിമാഷെ പരിചയപ്പെടുത്തി ‘നാട്ടുഭാഷ്യം‘ പുതുവര്‍ഷപ്പതിപ്പില്‍ വന്ന കുറിപ്പ് അതേ പടി ഇവിടെ പകര്‍ത്തുന്നു:

മലയാള വിവര്‍ത്തന സാഹിത്യത്തെ സവിശേഷമായ ചരിത്രബോധത്തോടെ മലയാളിയുടെ മനസ്സില്‍ ‍അടയാളപ്പെടുത്തിയ ശ്രീ ഇ.കെ ദിവാകരന്‍പോറ്റി 1918 എപ്രില്‍ 18നു പുത്തന്‍‌ചിറയില്‍ ജനിച്ചു.സ്വാതന്ത്ര്യ സമരസേനാനി,വിവര്‍ത്തകന്‍‍,അദ്ധ്യാപകന്‍ എന്നീ നിലകളില്‍ അദ്ദേഹം നാടിന്റെ ആദരവു നേടി.

1973 വരെ ഹൈസ്ക്കൂള്‍ അദ്ധ്യാപകനായി ജോലി ചെയ്തു.1939 -ല്‍ പ്രസിദ്ധീകരിച്ച ‘പ്രഥമാഞ്ജലി’യുള്‍പ്പെടെ മൂന്നു കവിതാ സമാഹാരങ്ങള്‍,രണ്ടു നാടകങ്ങള്‍,ഹിന്ദി-മലയാളം നിഘണ്ടു എന്നിവ മൌലിക കൃതികള്‍.സാംസ്ക്കാരിക വിനിമയത്തില്‍ മുഖ്യ പങ്കു വഹിക്കുന്ന വിവര്‍ത്തന സാഹിത്യ രംഗമായിരുന്നു അദ്ദേഹത്തിന്റെ പ്രധാന കര്‍മ്മ മണ്ഡലം.‘പഞ്ചാഗ്നി മദ്ധ്യത്തിലെ തപസ്സ്’ എന്നാണ് പോറ്റിമാഷ് വിവര്‍ത്തനത്തെ വിശേഷിപ്പിക്കാറ്.രാഹുല്‍ സാംകൃത്യായന്‍,ഖലീല്‍ ജിബ്രാന്‍,വിക്ടര്‍ യൂഗൊ,ജ്യൂലിയസ് ഫ്യൂച്ചിക്,തര്‍ജനീവ്,ഹാള്‍‍കെയ്ന്‍ എന്നിവരുടെ പ്രകൃഷ്ട കൃതികളും പ്രേംചന്ദിന്റെ എല്ലാ നോവലുകളുമടക്കം 30 കൃതികള്‍ അദ്ദേഹം വിവര്‍ത്തനം ചെയ്തു.

കേന്ദ്രസാഹിത്യ അക്കാദമിയുടെ ദേശീയ പുരസ്ക്കാരം,കേരള സാഹിത്യ അക്കാദമി പുരസ്ക്കാരം,ദേവീകൃഷ്ണ പുരസ്ക്കാരം,ഹിന്ദി സേവി സമ്മാന്‍,എം.എന്‍ സത്യാര്‍ത്ഥി പുരസ്ക്കാരം,സി.അച്യുതമേനോന്‍ പുരസ്ക്കാരം എന്നിവയടക്കം നിരവധി പുരസ്ക്കാരങ്ങള്‍ ലഭിച്ചു.

ദീര്‍ഘകാലം അദ്ദേഹം പുത്തന്‍‌ചിറ ഗ്രാമീണ വായനശാലയുടെ പ്രസിഡന്റായിരുന്നു.

2005 ജൂലൈ 23-ന് അദ്ദേഹം ഈ ലോകത്തോട് വിടപറഞ്ഞു.

1 comment:

സുധീർ (Sudheer) said...

ഈ പോസ്സ്റ്റിനോടൊപ്പം ചേര്‍ക്കാന്‍ പോറ്റിമാഷുടെ ഒരു ചിത്രം ആരെങ്കിലും അയച്ചു തരുമെന്ന് പ്രതീക്ഷിക്കുന്നു.