Thursday, July 2, 2009

പുഞ്ചപ്പാടം - എന്റെ മൊബൈൽ ക്യാമറയിൽവെയിൽ മങ്ങിയ ഒരു മദ്ധ്യാഹ്നം
--------------------------------------------

==============================================================

കാർമേഘങ്ങൾ നിറഞ്ഞ് എപ്പോൾ വേണമെങ്കിലും വിങ്ങിപ്പൊട്ടാൻ വിതുമ്പി നിൽക്കുന്ന ഒരു സായാഹ്നം


Thursday, March 20, 2008

സ്കൂള്‍ പുരാണം*

പണ്ടത്തെ
സ്കൂള്‍ രസകരമായിരുന്നു

ഒന്നുമുതല്‍
നാലുവരെ
മറയും മാര്‍ക്കുമില്ലാതെ

ക്ളാസുകളുടെ
ഒന്നാമതിരില്‍ സുലൈമാന്‍ മുന്‍ഷി
രണ്ടാമതിരില്‍ ചന്ദ്രിക ടീച്ചര്‍
മൂന്നാമതിരില്‍
പോറ്റി ടീച്ചര്‍
നലാം അതിരില്‍ അരവിന്ദന്‍ മാഷ്‌
അതിരുകള്‍ക്കുനടുവിലെ
കളങ്ങളില്‍ ഞങ്ങളായിരുന്നു
തുമ്പയും,കോളാമ്പിയും,ചെമ്പരത്തിയും
പുളിയും,നെല്ലിക്കയും,മാങ്ങയും
പച്ചയും,ഉപ്പിലിട്ടതും,അച്ചാറും

ഉപ്പുമാവു പുരയിലെ
പുകയും,വേവും
ഞങ്ങളെക്കടന്ന്‌
ഒരുമണിയുടെ നീണ്ടബെല്ലില്‍
വരാന്തയില്‍ തളര്‍ന്നിരുന്നു

സുലൈമാന്‍ മുന്‍ഷിക്ക്‌
കുട്ടിജനിച്ചതും
ചന്ദ്രിക ടീച്ചറുടെ മകനു
ജോലി ലഭിച്ചതും
പോറ്റിടീച്ചറുടെ ഭര്‍‍ത്താവിനു
അക്കാദമി അവാര്‍ഡ്‌ കൊടുത്തതും
അരവിന്ദന്‍ മാഷ്‌
വീടുവെച്ചതും
അങ്ങിനെ വിശേഷങ്ങളെല്ലാം
അതിരില്ലാ മുറിയില്‍ നിന്നും
ഞങ്ങളുടെ കാതിലെത്തിയിരുന്നു.

നാലുമണിയുടെ നീണ്ട ബെല്ല്
മഴക്കുമുന്‍പേ
ഞങ്ങളെ വീടെത്തിച്ചിരുന്നു.

നാലാമതിരിനുമപ്പുറം
മറയും,ഉറപ്പുമുള്ള
ഒരോഫീസ്‌ മുറി
ആണ്ടിലൊരിക്കല്‍
നാലാം ക്ളാസില്‍
അതിഥിയായെത്തുന്ന
അതിര്‍ത്തികള്‍ കീറിപ്പറിഞ്ഞ ഭൂപടം
ചലന വേഗം നിലച്ച ഗ്ളോബ്‌
പേപ്പറുകളുടെ
പുരാതന മണം നിറഞ്ഞ
ഇവിടെയാണു
കുറുമ്പുകളുടെ
വിചാരണയും,ശാസനയും
സരസ്വതി ടീച്ചറുടെ രൂപത്തില്‍
ഞങ്ങളെ കാത്തിരുന്നത്‌

ഇന്നു അതിരുകള്‍ തീര്‍ത്ത്‌
ജീവിതം ചാടിക്കടക്കുമ്പോള്‍
വീണ്ടുമൊരസംബ്ളിക്കായൊരു
കൂട്ടമണി
കൊതിച്ചുപോകുന്നു.
--------------------------------------------------------------------
* കരിങ്ങോള്‍ച്ചിറ എല്‍.പി.സ്ക്കൂളിലെ എന്റെ പഴയ ദിനങ്ങള്‍)

Tuesday, March 18, 2008

സ്മരണ - ഇ.കെ ദിവാകരന്‍പോറ്റി.

സാഹിത്യ സാസ്ക്കാരിക മണ്ഡലത്തില്‍ പുത്തന്‍‌ചിറയുടെ സാന്നിധ്യം അറിയിച്ച ശ്രീ ഇ.കെ ദിവാകരന്‍പോറ്റി.പോറ്റിമാഷെ പരിചയപ്പെടുത്തി ‘നാട്ടുഭാഷ്യം‘ പുതുവര്‍ഷപ്പതിപ്പില്‍ വന്ന കുറിപ്പ് അതേ പടി ഇവിടെ പകര്‍ത്തുന്നു:

മലയാള വിവര്‍ത്തന സാഹിത്യത്തെ സവിശേഷമായ ചരിത്രബോധത്തോടെ മലയാളിയുടെ മനസ്സില്‍ ‍അടയാളപ്പെടുത്തിയ ശ്രീ ഇ.കെ ദിവാകരന്‍പോറ്റി 1918 എപ്രില്‍ 18നു പുത്തന്‍‌ചിറയില്‍ ജനിച്ചു.സ്വാതന്ത്ര്യ സമരസേനാനി,വിവര്‍ത്തകന്‍‍,അദ്ധ്യാപകന്‍ എന്നീ നിലകളില്‍ അദ്ദേഹം നാടിന്റെ ആദരവു നേടി.

1973 വരെ ഹൈസ്ക്കൂള്‍ അദ്ധ്യാപകനായി ജോലി ചെയ്തു.1939 -ല്‍ പ്രസിദ്ധീകരിച്ച ‘പ്രഥമാഞ്ജലി’യുള്‍പ്പെടെ മൂന്നു കവിതാ സമാഹാരങ്ങള്‍,രണ്ടു നാടകങ്ങള്‍,ഹിന്ദി-മലയാളം നിഘണ്ടു എന്നിവ മൌലിക കൃതികള്‍.സാംസ്ക്കാരിക വിനിമയത്തില്‍ മുഖ്യ പങ്കു വഹിക്കുന്ന വിവര്‍ത്തന സാഹിത്യ രംഗമായിരുന്നു അദ്ദേഹത്തിന്റെ പ്രധാന കര്‍മ്മ മണ്ഡലം.‘പഞ്ചാഗ്നി മദ്ധ്യത്തിലെ തപസ്സ്’ എന്നാണ് പോറ്റിമാഷ് വിവര്‍ത്തനത്തെ വിശേഷിപ്പിക്കാറ്.രാഹുല്‍ സാംകൃത്യായന്‍,ഖലീല്‍ ജിബ്രാന്‍,വിക്ടര്‍ യൂഗൊ,ജ്യൂലിയസ് ഫ്യൂച്ചിക്,തര്‍ജനീവ്,ഹാള്‍‍കെയ്ന്‍ എന്നിവരുടെ പ്രകൃഷ്ട കൃതികളും പ്രേംചന്ദിന്റെ എല്ലാ നോവലുകളുമടക്കം 30 കൃതികള്‍ അദ്ദേഹം വിവര്‍ത്തനം ചെയ്തു.

കേന്ദ്രസാഹിത്യ അക്കാദമിയുടെ ദേശീയ പുരസ്ക്കാരം,കേരള സാഹിത്യ അക്കാദമി പുരസ്ക്കാരം,ദേവീകൃഷ്ണ പുരസ്ക്കാരം,ഹിന്ദി സേവി സമ്മാന്‍,എം.എന്‍ സത്യാര്‍ത്ഥി പുരസ്ക്കാരം,സി.അച്യുതമേനോന്‍ പുരസ്ക്കാരം എന്നിവയടക്കം നിരവധി പുരസ്ക്കാരങ്ങള്‍ ലഭിച്ചു.

ദീര്‍ഘകാലം അദ്ദേഹം പുത്തന്‍‌ചിറ ഗ്രാമീണ വായനശാലയുടെ പ്രസിഡന്റായിരുന്നു.

2005 ജൂലൈ 23-ന് അദ്ദേഹം ഈ ലോകത്തോട് വിടപറഞ്ഞു.

Sunday, March 16, 2008

ആമുഖം

പുത്തന്‍‌ചിറക്കായി,പുത്തന്‍‌ചിറക്കാര്‍ക്കായി ഒരു ബ്ലോഗ് ഉദ്യമം.
വാര്‍ത്തകള്‍,വിശേഷങ്ങള്‍,ചിത്രങ്ങള്‍ എല്ലാം ഉള്‍പ്പെടുത്തി, ബ്ലോഗ് എന്ന മാധ്യമത്തിലൂടെ നമ്മുടെ നാടിനേയും,നാട്ടുകാരേയും,നാട്ടു വിശേഷങ്ങളേയും പ്രകാശനം ചെയ്യാനുള്ള ഒരു ശ്രമം.ഒരു ‘ടീം ബ്ലോഗ്‘ ആയി ഇത് മാറണം എന്നുണ്ട്. അതിന് ഒരു പക്ഷേ സമയം എടുക്കുമായിരിക്കാം.ഈ ബ്ലോഗ് മുന്നോട്ട് കൊണ്ടു പോകുന്നതിന് നിങ്ങളുടെ ഒരോരുത്തരുടേയും സഹകരണം വേണ്ടിയിരിക്കുന്നു.എന്തായിരിക്കണം ഈ ബ്ലോഗ് എന്ന് നിങ്ങള്‍ പറയുക.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഉള്ളു തുറന്ന് അറിയിക്കുക...

സസ്നേഹം
-സുധീര്‍